LEAF LET


ദേശീയ പാത വികസിപ്പിക്കുക; വില്‍ക്കരുത്‌ !
സ്വന്തം വണ്ടിയില്‍ സഞ്ചരിക്കാനാണ് താല്‍പര്യമെങ്കിലും നമുക്ക് ട്രാഫിക് ബ്ലോക്കുകള്‍ ഇഷ്ടമല്ല. പക്ഷേ, ഹോണ്‍ നീട്ടിയടിച്ചും ആരോടെന്നില്ലാതെ ശാപവാക്കുകള്‍ ചൊരിഞ്ഞും പരിഹരിക്കാവുന്നിടത്തല്ല കേരളത്തിന്റെ ഗതാഗതക്കുരുക്കുകളുള്ളത്. വണ്ടികളും യാത്രകളും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. തിരക്കിനാണെങ്കില്‍ ആര്‍ക്കും ഒരു കുറവുമില്ലതാനും. അതുകൊണ്ടുതന്നെ ഗതാഗത വികസനത്തിനുള്ള ഏത് നടപടിയെയും നാം സ്വാഗതം ചെയ്‌തേ തീരൂ. ദേശീയപാത വികസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെയും നാം തീര്‍ച്ചയായും പിന്തുണക്കുന്നു. യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള ജനങ്ങളുടെ നീണ്ടകാലത്തെ മുറവിളികള്‍ ചെവികൊള്ളപ്പെടുമ്പോള്‍ ആര്‍ക്കാണ് പിന്തിരിഞ്ഞു നില്‍ക്കാനാവുക? പക്ഷേ, വികസനത്തോടൊപ്പം നടപ്പിലാക്കുന്നത് വിനാശകരമായ വില്‍പനയാണെങ്കിലോ?
                                 2,32,123 കോടി രൂപ ചെലവാക്കി 2012 ഓടു കൂടി ഇന്ത്യന്‍ റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് ദേശീയ ഹൈവേ അതോറിറ്റിയാണ്. പ്രധാനമന്ത്രിയാണതിന്റെ അധ്യക്ഷന്‍. ദേശീയപാതകളുടെ നവീകരണം, പുതിയ എക്‌സ്പ്രസ്സ് ഹൈവേകള്‍, ഗോള്‍ഡന്‍ കോറിഡോര്‍ തുടങ്ങിയ കാര്യങ്ങളാണിതിലുള്‍പ്പെട്ടിരിക്കുന്നത്. ഏഴു ഘട്ടങ്ങളായി നടപ്പാക്കേണ്ട പദ്ധതിയുടെ രണ്ടുഘട്ടം കൊണ്ടുതന്നെ സര്‍ക്കാറിന് മതിയായി. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് തീരുമാനം. സ്ഥലം അക്വയര്‍ ചെയ്യലും ജനങ്ങളെ കുടിയൊഴിപ്പിക്കലുമടക്കമുള്ള ബുള്‍ഡോസര്‍ പരിപാടികള്‍ സര്‍ക്കാറും പോലിസും നടത്തിക്കൊടുക്കും. ഏതെങ്കിലും വമ്പന്‍ മുതലാളിമാര്‍ പണം മുടക്കി റോഡുണ്ടാക്കി മുതലും ലാഭവും ചേര്‍ത്ത് ടോള്‍ പിരിക്കും. സര്‍ക്കാര്‍ അതിന് കാവല്‍ നില്‍ക്കും. ബി.ഒ.ടി (ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) എന്നറിയപ്പെടുന്ന ഒരു ബ്രോക്കര്‍ പണി. ഇതാണ് മുതലാളിത്ത കാലത്തെ റോഡുവികസനം. കിലോമീറ്ററിന് രണ്ടുരൂപ വരെ കൊടുത്ത് യാത്രചെയ്യാന്‍ ശേഷിയുള്ളവന് ടോള്‍ പ്ലാസാ സമുച്ചയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങാം. അല്ലാത്തവന് വേലിക്കുപുറത്ത് സര്‍വീസ് റോഡിലിറങ്ങി നിന്ന് 'ഹൗ എന്തൊരു സ്പീഡാണെ'ന്ന് വമ്പ•ാരുടെ വണ്ടിനോക്കി നെടുവീര്‍പ്പിടാം. റോഡിലൂടെ പോകുന്നവന്റെ കുത്തിനുപിടിച്ച് ടോള്‍ പിരിക്കാന്‍ 20 സംവത്സരങ്ങളാണ് മുതലാളിമാര്‍ക്കുള്ളത്. ബോണസായി 10 വര്‍ഷം വരെ നീട്ടുകയുമാവാം. വര്‍ഷംതോറും ടോള്‍നിരക്ക് 3% വെച്ച് കൂട്ടുകയും ചെയ്യും. ഇതൊക്കെ നാട്ടിലെ എല്ലാ ഹൈവേകള്‍ക്കും ബാധകമാണെന്നോര്‍ക്കണം. ഇനി സാധാരണക്കാരന്‍ ഹൈവേയില്‍ കയറുന്നെങ്കില്‍ കീശ തപ്പിയിട്ടു വേണം. കാശില്ലാത്തവന് റോഡില്ല. അഥവാ പൊതുവഴി വികസിക്കുമ്പോള്‍ പൊതുജനത്തിന് പെരുവഴി. ഇതംഗീകരിക്കാത്തവന്‍ വികസനവിരോധിയും.
                             കാശില്ലെന്ന പതിവുപല്ലവിയാണ് റോഡ് വില്‍ക്കാനുള്ള ന്യായം. നഷ്ടത്തിലായ 'സത്യം' കമ്പ്യൂട്ടേഴ്‌സിനെ രക്ഷിക്കാന്‍ 20,000 കോടി രൂപ മുതലിറക്കാന്‍ തുനിഞ്ഞ 'ദരിദ്ര' രാഷ്ട്രമാണ് നമ്മുടേത്. 40,000 കോടി രൂപ പ്രതിരോധത്തിന് കൂട്ടി നിശ്ചയിച്ചപ്പോഴും നമുക്കീ ദാരിദ്ര്യ ഭീതിയുണ്ടായില്ലെന്നോര്‍ക്കണം. ആ നമ്മളാണ് പണമില്ലെന്ന പേരില്‍ പൗര•ാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്നത്. അടിസ്ഥാന വികസനങ്ങള്‍ക്കല്ലെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ നികുതി പിരിക്കുന്നത്? സര്‍ക്കാറിന് നിര്‍വഹിക്കാനുള്ളത് ദല്ലാള്‍പണി മാത്രമാണെങ്കില്‍ ജനങ്ങളെ ഇങ്ങനെ പിഴിയുന്നതെന്തിന്? ടോള്‍ പിരിക്കുന്നത് മാത്രമല്ല പ്രശ്‌നം. ഹൈവേകളിലേക്കുള്ള പ്രവേശനം ചില ജംഗ്ഷനുകളിലും അടിപ്പാതകളിലുമായി ചുരുക്കപ്പെടാന്‍ പോവുകയാണ്. ഇതോടെ പള്ളിയും പള്ളിക്കൂടവും അക്കരെയും പൗര•ാര്‍ ഇക്കരെയുമാവുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. കുറുകെ കടക്കണമെങ്കില്‍ പലയിടത്തും അടിപ്പാത തേടി കാതങ്ങള്‍ താണ്ടേണ്ടിവരും. ജനസാന്ദ്രതയും റോഡ് സാന്ദ്രതയും ഏറ്റവുമേറെയുള്ള കേരളത്തെയാണീ നിയന്ത്രിത പ്രവേശനം ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്‍.എച്ച്. 47ലും 17ലും കയറാതെ കേരളീയനെന്തു റോഡുയാത്ര? പക്ഷേ, ദേശീയ പാതയിലേക്ക് ചെന്നുചേരുന്ന നൂറുകണക്കിന് റോഡുകളാണിനി മുറിയാന്‍ പോവുന്നത്. ഇനി നമ്മുടെ യാത്രകള്‍ മുറിച്ചുകടക്കാനുള്ള ഒരു ജംഗ്ഷന്‍ തേടിയാവട്ടെ!
                         നാലു വരിപ്പാതയുണ്ടാക്കാന്‍ എത്ര വീതിയില്‍ റോഡ് വേണം? 30 മീറ്റര്‍ മതിയെന്ന് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്. 2002ലെ ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവും അതുതന്നെ. മാറിമാറി വന്ന സര്‍ക്കാറുകളുടെ ഭാഷ്യവും അതുതന്നെ. പക്ഷേ, പുതിയ വെളിപാടില്‍ 60 മീറ്റര്‍ വേണമത്രെ. കേരളത്തിലെത്തിയപ്പോള്‍ വീതി 45 മീറ്ററെന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനമെന്താണ്? ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലയിടങ്ങളിലും അവരെ നക്കിത്തുടച്ചിട്ടുവേണം ഈ 45 മീറ്റര്‍ പാത നിര്‍മിക്കാന്‍. അതിനാല്‍ ജനവാസം കുറഞ്ഞിടത്ത് വീതി കൂട്ടിയും അല്ലാത്തിടങ്ങളില്‍ വീതി കുറച്ചും റോഡു നിര്‍മിക്കലാവില്ലേ കേരളത്തില്‍ ഉചിതം? പിന്നെന്തിന് ജനജീവിതത്തെ ഇടിച്ചുനിരത്തിയും ആവാസവ്യവസ്ഥയെ തകിടം മറിച്ചും അനാവശ്യമായ അക്വയര്‍മെന്റെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റോഡു വികസനത്തിനായി ഒരിക്കല്‍ കുടിയൊഴിഞ്ഞവര്‍തന്നെ വീണ്ടും കുടിയൊഴിയേണ്ടിവരുന്ന സ്ഥലങ്ങള്‍ ചില ജില്ലകളിലുണ്ട്. 30 വര്‍ഷമായി സ്വന്തം ഭൂമിയുടെ ക്രയവിക്രയം പോലും വികസനത്തിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ടവരും കുടിയൊഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവരിലുണ്ട്. ആദ്യം അക്വയര്‍മെന്റും പിന്നീട് പുനരധിവാസവുമല്ല, ആദ്യം പുനരധിവാസവും പിന്നീട് സ്ഥലമെടുപ്പുമാണ് നടത്തേണ്ടത്. റോഡിന്റെ വീതിയേക്കാള്‍ വലുതാണ് ജീവിതത്തിന്റെ വിലയെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. 'പൊന്നുംവില'യെന്ന പേരില്‍ 'മുക്കു'വില നല്‍കി ജനങ്ങളെ തെരുവിലേക്കെറിയുകയും നികുതിയുടെ പേരില്‍ കൊടുത്തകാശ് തിരിച്ചു പിടുങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ നീതി ഒരര്‍ഥത്തിലും അംഗീകരിക്കാനാവില്ല.
                           മാളുകളും സ്റ്റാര്‍ ഹോട്ടലുകളും ടൂറിസ്റ്റ് സെന്ററുകളുമൊക്കെ റോഡരികില്‍ വേണമെന്ന് ബി.ഒ.ടിക്കാരന് ശഠിക്കാം. പക്ഷേ, അവരുടെ സമ്മര്‍ദത്തിന് വഴങ്ങി ഭൂമിയുടെ അവകാശികളെ ആട്ടിപ്പായിക്കുകയും അവരുടെ ഭൂമി കയ്യേറുകയും ചെയ്യുന്നത് ജനകീയ സര്‍ക്കാറുകള്‍ക്ക് എത്രത്തോളം ഭൂഷണമാണെന്നാലോചിക്കണം. അനാവശ്യ അക്വയര്‍മെന്റിന് ചെലവാക്കുന്ന പണം കൊണ്ട് വേണമെങ്കില്‍ ബി.ഒ.ടിക്കാരെ പറഞ്ഞുവിട്ട് സര്‍ക്കാറിന് പണി പൂര്‍ത്തിയാക്കാനാവുമെന്നതാണ് സത്യം.
                             പശുചത്തിട്ടും പഴയ എക്‌സ്പ്രസ് ഹൈവേയുടെ പുളി മാറാത്ത ചിലരെങ്കിലും ഇപ്പോഴും ഭരണത്തിലുണ്ട്. 100 മീറ്ററില്‍ നിന്ന് 40 മീറ്റര്‍ വീതികുറച്ച് തെക്കു-വടക്ക് സൗഹൃദ പാതയെന്ന പളുങ്കന്‍ പേരില്‍ അവതരിപ്പിച്ചതു കൊണ്ടു മാത്രം കേരളീയര്‍ ഭീകര പാതകളെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കരുത്. 10,000 കോടി ചെലവ് വരുന്ന ഈ ബി.ഒ.ടി പദ്ധതിയുടെ കൃത്യമായ വിശദാംശമെന്താണെന്ന് ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇതിന് 3,600 ഓളം ഹെക്ടര്‍ ഭൂമിയാണ് വേണ്ടിവരികയത്രെ. എന്തുതന്നെയായാലും കേരളത്തിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കാതെ അത്തരമൊരു പാത സാധ്യമല്ലെന്നതാണ് വസ്തുത. ദേശീയപാത വികസനവും തീരദേശ-മലയോര ഹൈവേകളും പൂര്‍ത്തിയാവാനിരിക്കെ പിന്നെന്തിനാണിങ്ങനെയൊരു ഭീമന്‍ പാത? ഭൂമി ദൗര്‍ലഭ്യമനുഭവിക്കുന്ന കേരളത്തില്‍ ഇതിനൊക്കെ മണ്ണെവിടെ? റിയല്‍ എസ്റ്റേറ്റ് സ്വപ്നങ്ങളെ മാത്രം സാക്ഷാത്കരിക്കുന്ന ഇത്തരമൊരു പാത ഏതായാലും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.
                           അധികാരികളുടെ യഥാര്‍ഥ പ്രശ്‌നം ഗതാഗത വികസനമാണെങ്കില്‍ എന്തുകൊണ്ട് മുന്‍രാഷ്ട്രപതിയുടെ വികസനസ്വപ്നമായ ജലപാതയെക്കുറിച്ച് മൗനം പാലിക്കുന്നു?, റെയില്‍വേ വികസനത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്നു? ഗതാഗതക്കുരുക്കിന് പരിഹാരമായി തുടങ്ങിയ ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ ദശകങ്ങള്‍ പിന്നിട്ട് ഇഴഞ്ഞുനീങ്ങുകയാണിപ്പോഴും. അങ്കമാലി-തിരുവനന്തപുരം റോഡും കുറ്റിപ്പുറം-കുന്ദംകുളം റോഡും യാത്ര കുളമാക്കി പൊളിഞ്ഞുകിടക്കുന്നു. അതിവേഗ പാതകളല്ല പ്രാഥമികാവശ്യം. ഉള്ള പാതകള്‍ അതിവേഗം പണി തീര്‍ക്കലാണ്. സര്‍ക്കാര്‍ പണം മുടക്കി വികസിപ്പിക്കുകയാണ്.
                   അതിനാല്‍ റോഡ് വില്‍പ്പനയില്‍ നിന്ന് പിന്തിരിഞ്ഞ് സര്‍ക്കാര്‍ വികസനത്തിന് സന്നദ്ധമാവണം. അതല്ലാതെ ഓട്ടോറിക്ഷകള്‍ അവര്‍ണവും ടൊയോട്ടാ കാറുകള്‍ സവര്‍ണവുമാകുന്ന ഒരധീശറോഡ് വ്യവസ്ഥയാണ് ഭരണകൂടം സ്വപ്നം കാണുന്നതെങ്കില്‍ ഓര്‍ക്കുക, ഹൈവേയുടെ അരികുകളില്‍ ഉയരാന്‍ പോകുന്നത് ടോള്‍പ്ലാസകളല്ല, ജനകീയ പ്രതിരോധത്തിന്റെ വന്‍മതിലുകളായിരിക്കും, തീര്‍ച്ച! .