Sunday, April 18, 2010

ബി.ഒ.ടി പാത: ശിപാര്‍ശ മാനദണ്ഡങ്ങള്‍ മറികടന്ന്; രണ്ടുവരിപാതക്ക് പകരം നാലുവരിപാത

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത (എന്‍.എച്ച് 213) ബി.ഒ.ടി വ്യവസ്ഥയിലൂടെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം.പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സിയും കാര്യങ്ങള്‍ വ്യക്തമായി അപഗ്രഥിച്ചിട്ടില്ല.
               ദേശീയപാതയില്‍ കി.മീ 15/656 മുതല്‍ 140/900 വരെയുള്ള ഭാഗമാണ് ദേശീയപാത ഡവലപ്‌മെന്റ് പ്രോഗ്രാം ഫേസ് നാലില്‍ ഉള്‍പ്പെടുത്തിയത്. ഇരുവശത്തും ഒന്നര മീറ്റര്‍ ഷോള്‍ഡറോടുകൂടിയ പത്ത് മീറ്റര്‍ വീതിയുള്ള റോഡാണ് രണ്ടുവരി പാതയില്‍ ഉണ്ടാവുക. കോഴിക്കോട്ഫപാലക്കാട് ദേശീയപാത 125 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
ഇതില്‍ കോഴിക്കോട് മുതല്‍ തിരൂര്‍ക്കാട് വരെ 64 കിലോമീറ്റര്‍ ദൂരം ആവശ്യമായ വീതിയുണ്ട്. ബാക്കി ദൂരം വികസിപ്പിക്കാന്‍ പരിമിതമായ ഫണ്ടേ ആവശ്യമായി വരൂ. ദേശീയപാത വിഭാഗം ഇപ്പോള്‍ അനുവദിച്ച ഫണ്ട് ഇതിനു മതിയാകും. ബി.ഒ.ടി വ്യവസ്ഥയില്‍ റോഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഈ സാഹചര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
                                 ദേശീയപാത ക്രോസ് റോഡുകളായ അഞ്ച് റോഡുകളാണ് എന്‍.എച്ച്.ഡി.പി ഫേസ് നാല് ഏയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നിവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ഇതിനകം വിവാദമായിട്ടുണ്ട്. നാലാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മേല്‍പ്പറഞ്ഞ അഞ്ച് ദേശീയപാതകളുടെ വികസനത്തിന് സമര്‍പ്പിച്ച 20ലേറെ പദ്ധതികള്‍ അവതാളത്തിലായി. എന്‍.എച്ച്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടതോടെ ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത വിഭാഗം കൈയൊഴിഞ്ഞു. നാലാംഘട്ട പദ്ധതികള്‍ ആരംഭിക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകും.
                        അതിനിടെ, കോഴിക്കോട്ഫപാലക്കാട് ദേശീയപാത നാലുവരിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.ദേശീയപാത ഡെവലപ്‌മെന്റ് പ്രോജക്ട് നാലില്‍ നിന്ന് ഈ പാത ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ പദ്ധതിയില്‍ രണ്ടുവരി പാതയാണ് അനുവദിക്കപ്പെട്ടതന്നും, ദിനംപ്രതി വര്‍ധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്ത് നാലുവരി പാത വികസനത്തില്‍ എന്‍.എച്ച് 213 ഉള്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ഇതോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിലും സ്ഥലമെടുപ്പ് പ്രശ്‌നങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരാനാണ് സാധ്യത.

No comments:

Post a Comment