ചാവക്കാട്: 'ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത്' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രക്ഷോഭയാത്ര ഉജ്ജ്വല ബഹുജന റാലിയോടെ ചാവക്കാട് സംഗമിച്ചു. സ്ത്രീകളും കുട്ടികളും വികസനത്തിന്റെ ഇരകളും ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ചാവക്കാട് മുനിസിപ്പല്‍ മൈതാനത്തുനിന്ന് വൈകുന്നേരം 4.30 ന് ആരംഭിച്ച റാലി ടൗണിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ചാവക്കാട് സെന്ററിലെത്തി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് എന്നിവര്‍ നയിച്ച തെക്ക്, വടക്ക് പ്രക്ഷോഭയാത്രകള്‍ റാലിയുമായി സംഗമിച്ചു. ഇരുയാത്രകള്‍ക്കും പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പിന്നീട് നടന്ന പ്രകടനം, പൊതുസമ്മേളന വേദിയായ വസന്തം കോര്‍ണറില്‍ സമാപിച്ചു. പ്രകടനത്തിന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. പൊതുജനങ്ങളും മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു.
പ്രക്ഷോഭയാത്രക്ക് സ്വീകരണം നല്‍കാന്‍ വിവിധ കക്ഷികളുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച സ്വീകരണ കമ്മിറ്റിയും എസ്.ഐ.ഒ പ്രവര്‍ത്തകരും ജാഥക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. വിവിധ സമരഭൂമികളില്‍ നിന്നെത്തിയവര്‍ സോളിഡാരിറ്റി നേതാക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
No comments:
Post a Comment