Sunday, April 18, 2010

ദേശീയപാത: ഇരകള്‍ക്ക് കരുത്തു പകര്‍ന്ന പ്രക്ഷോഭ യാത്ര പ്രയാണം.

ദേശീയപാത: ഇരകള്‍ക്ക് കരുത്തു പകര്‍ന്ന പ്രക്ഷോഭ യാത്ര പ്രയാണം.
കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബ് റഹ്മാന്‍ നടത്തിയ പ്രക്ഷോഭ യാത്ര കാസര്‍കോട് ജില്ലയില്‍ പ്രയാണം നടത്തി. ഫെബ്രുവരി 28 ന് മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാടയില്‍ നിന്ന് ഉദ്ഘാടനം ചെയ്ത യാത്ര മാര്‍ച്ച് ഒന്നിന് ഉപ്പളയില്‍ ആരംഭിച്ചു. കുമ്പള, ചെര്‍ക്കള, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ ചെറുവത്തൂരില്‍ സമാപിച്ചു. ജാഥ ക്യാപ്റ്റന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടിനെ ഇരകളും സമര നേതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണ യോഗങ്ങളില്‍ ഹാരാര്‍പ്പണം നടത്തി സ്വാഗതം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ടി.പി. മുഹമ്മദ് ശമീം, റസാഖ് പാലേരി, ജലീല്‍ പടന്ന ശഫീഖ് നസറുല്ല എന്നിവര്‍ പ്രസംഗിച്ചു.
               ചെറുവത്തൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ റസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജലീല്‍ പടന്ന അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ,ഒ ജില്ലാ പ്രസിഡണ്ട് ടി.എം.സി. സിയാദലി, എസ്.യു.സി.ഐ പ്രതിനിധി എം.കെ.ജയചന്ദ്രന്‍, എന്‍.എച്ച്.17 ആക്ഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ വി.കെ.പി മുഹമ്മദ്, ജമാഅത്ത് ഇസ്‌ലാമി വൈസ് പ്രസിഡണ്ട് നാസര്‍ ചെറുകര എന്നിവര്‍ പ്രസംഗിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ടി.കെ.അഷ്‌റഫ് സ്വാഗതം പറഞ്ഞു.


ദേശീയ പാത വികസനം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം- പി.മുജീബ് റഹ്മാന്‍
കുഞ്ചത്തൂര്‍: ദേശീയ പാത വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. ദേശീയ പാത വികസിപ്പിക്കുക, വില്‍ക്കരുത് എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തുന്ന ഉത്തരമേഖല പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലക്ഷങ്ങളെ കുടിയിറക്കുന്ന, സഞ്ചാര സ്വാതന്ത്ര്യത്തെ വില്പനയ്ക്ക് വെക്കുന്ന റോഡ് വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. റോഡ് വികസനത്തില്‍ സംസ്ഥാന തലത്തില്‍ മൗനം പാലിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശികമായ സമരപങ്കാളിത്തം കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്.
                           പാത വികസനത്തിന്റെ പേരില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി രാഷ്ട്രീയ വ്യത്യാസം മറന്ന് യോജിച്ച മുന്നേറ്റമുണ്ടാവണമെന്നും കൂട്ടായ സമര്‍ദ്ദ ശക്തി രൂപപ്പെടണമെന്നും മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment