Sunday, April 18, 2010

ഇരകളുടെ കണ്ണീരില്‍ ചാലിച്ച ചോദ്യങ്ങള്‍-...


സോളിഡാരിറ്റി പ്രക്ഷോഭയാത്രക്ക് കണ്ണൂര്‍ അത്താഴക്കുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌റഹ്മാന്‍ സംസാരിക്കുന്നു



കണ്ണൂര്‍: 'ഇപ്പോള്‍ നമ്മളെ വീടും പറമ്പും പോകുന്നു. നാളെ നിങ്ങളുടെ പറമ്പും പിടിക്കൂലാന്ന് എന്താ ഉറപ്പ്? നിങ്ങളെ നെഞ്ചില്‍ കൂടി റോഡ് വെട്ടിയാലെങ്കിലും വാ തുറക്കാന്‍ ഉശിര് വരുമോ?'-നാലുവരി പാതയുടെ ഇരകളിലൊന്നായ പുതിയതെരു കോട്ടക്കുന്ന് സുല്‍ത്താന്‍ നഗറിലെ കെ.എം. മറിയത്തിന്റെ ചോദ്യം തലതിരിഞ്ഞ വികസനത്തോട് മൗനംപാലിക്കുന്ന സമൂഹത്തിന് മുന്നില്‍ ചാട്ടുളിയായി.

                             മറിയത്തിന് പ്രായം അമ്പതാണ്. പ്രസംഗിച്ച് പരിചയമില്ല. പക്ഷെ, റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഇരകളുടെ ഒത്തുചേരല്‍ കണ്ട് ആവേശഭരിതയായി അവര്‍ മൈക്കിന് മുന്നിലെത്തി വാചാലമാവുകയായിരുന്നു. 'എനിക്ക് പറയാന്‍ അറിയില്ല. പക്ഷെ, പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാവും. ഈ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയുള്ളതാണ്? വോട്ട് ചെയ്ത ഞങ്ങള്‍ക്ക് വേണ്ടിയോ അതോ ബി.ഒ.ടി കരാറുകാരനായ മുതലാളിക്ക് വേണ്ടിയുള്ളതോന്ന് ചിന്തിക്കണം മനുഷ്യരേ... മറിയം തുടര്‍ന്നു.
                          ആകെയുള്ള പത്ത് സെന്റ് ഭൂമിയും പുരയിടവും ബി.ഒ.ടി മുതലാളിക്കു വേണ്ടി റോഡിനുവേണ്ടി സര്‍ക്കാര്‍ പിടിച്ചുപറിക്കുകയാണെന്ന് മറിയം പറയുന്നു. കോട്ടക്കുന്ന് സ്‌കൂള്‍-ചോയിസ് കമ്പനി-പുഴാതി വയല്‍ വരെയുള്ള കുടിയിറക്ക് ഭീഷണി നേരിടുന്ന 76 കുടുംബങ്ങളും മറിയത്തിനെപ്പോലെ പാവപ്പെട്ടവരാണ്. ഏരുമ്മല്‍ ഹാജറയുടെ എട്ട് സെന്റും വീടും നഷ്ടമായാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ ഇടമില്ല. കുഞ്ഞാമിയുടെ കൈയിലുള്ളത് മൂന്ന് സെന്റും ചെറ്റപ്പുരയുമാണ്. ഇത് ഒഴിഞ്ഞു കൊടുത്താല്‍ കിട്ടുന്ന സര്‍ക്കാറിന്റെ 'പൊന്നും വില'ക്ക് പകരം ഒരു ചീന്ത് ഭൂമി വാങ്ങാനാവുമോ?' മറിയു ചോദിക്കുന്നു.
                      ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത് എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ നയിക്കുന്ന പ്രക്ഷോഭയാത്രയുടെ രണ്ടാംദിവസമായ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പര്യടന വഴികളിലാണ് ഇരകളുടെ വികാരോജ്ജ്വലമായ പ്രതികരണങ്ങള്‍ ഉയര്‍ന്നത്. കോട്ടക്കുന്നില്‍ ഭൂമി നഷ്ടപ്പെടുന്നവരില്‍ 60 ഓളം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നിരുന്നു.
                      
ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയിറക്കപ്പെടുന്ന
കോട്ടക്കുന്നിലെ കെ.എം. മറിയം സോളിഡാരിറ്റി പ്രക്ഷോഭയാത്രക്ക്
 നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു
അത്താഴക്കുന്നിലെ ചിറക്കല്‍ തുരുത്തില്‍ കുടിയിറക്കപ്പെടുന്ന 30ഓളം കുടുംബങ്ങളുണ്ട്. എല്ലാം കൂലിത്തൊഴിലാളി കുടുംബങ്ങള്‍. ബി.കെ. മൂസയുടെ ഒരേ കുടുംബത്തില്‍ പെടുന്ന അഞ്ച് വീടുകളും പറമ്പും പുതിയ സര്‍വേക്കല്ലിന് ഉള്ളിലാണ്. 'ഞങ്ങളുടെ മയ്യിത്തിന് മുകളിലൂടെ മാത്രമേ ഈ പാത പോവുകയുള്ളൂ' -ബി.കെ. സുലൈഖയും ബി.കെ. സറീനയും ബി.കെ. സൈനബയും ഒരേ സ്വരത്തില്‍ പറയുന്നു. മുണ്ടയാട് ജേണലിസ്റ്റ് കോളനി പരിസരത്തെ ഇബ്രാഹിം ഹാജിയുടെ ജീവിതത്തിന്റെ സര്‍വതുമാണ് നഷ്ടപ്പെടാന്‍ പോകുന്നത്. ഒരേക്കര്‍ പത്ത് സെന്റ് ഭൂമി. മികവുറ്റ വീടിനും പറമ്പിനുമായി നാല് കോടിയെങ്കിലും വരും. 'ഈ സര്‍വേക്കല്ല് കനിവില്ലാത്തവരുടെ കഠിനഹൃദയത്തിന്റെ പ്രതീകമായ കരിങ്കല്ലാണ്'-ഇബ്രാഹിം ഹാജി റീസര്‍വേ കുറ്റി ചൂണ്ടി പറയുന്നു.

No comments:

Post a Comment