ദേശീയപാത: എതിര്‍പ്പ് വികസനത്തോടല്ല, വില്പനയോട്
കെ. മുഹമ്മദ് നജീബ്
11.01.2010 ന്റെ മാധ്യമത്തില്‍ ദേശീയപാതാ വികസനത്തെക്കുറിച്ച മന്ത്രി പി.ജെ. ജോസഫ് എഴുതിയ ലേഖനം വികസനത്തെ വിസ്തരിച്ച് ഒടുവില്‍ വില്‍പനയെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ദ്ധിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഗതാഗത വികസനപദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും അംഗീകരിക്കാത്ത ഒരു 'വികസനവിരോധി' പോലും കേരളത്തിലിന്നില്ല. സംസ്ഥാനത്തിനനുഗുണമായ ഒരു സമഗ്ര ഗതാഗത വികസന നയമുണ്ടാവണമെന്ന മുറവിളി ഏറെക്കാലമായി ഇവിടെ ഉയരുന്നതിക്കാരണത്താലാണ്. മന്ത്രി ജോസഫടക്കമുള്ളവര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതിയുടെ വലിയപരിമിതി അതൊരു റോഡുനയം മാത്രമാണെന്നുള്ളതാണ്. ഗതാഗതം റോഡ് മാര്‍ഗം മാത്രമല്ലല്ലോ. ഒരു കുടുംബത്തെപ്പോലും കുടിയിറക്കാതെ 'അക്വയര്‍' ചെയ്യാവുന്ന അതിവിശാല സമുദ്രമാണ് കേരളതീരത്തുള്ളത്. ജലഗതാഗതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് കേരളത്തെ അടിവരയിട്ടോര്‍മിപ്പിച്ചത് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമാണ്. എന്നിട്ടെന്തുകൊണ്ട് ജലഗതാഗത വികസനമോ നയമോ ഒന്നും നമ്മുടെ ഭരണാധികാരികളുടെ പേനത്തുമ്പില്‍ പോലുമില്ലാതെ പോവുന്നു? ഫലപ്രദമായ ഒരു സര്‍വേ പോലും ഇക്കാര്യത്തിലുണ്ടായിട്ടില്ല. റെയില്‍വേ വികസനവും തഥൈവ. റെയിലിനെക്കാള്‍ വേഗത്തിലോടാവുന്ന വിസ്മയ റോഡിനെക്കുറിച്ചാണ് മന്ത്രി പറയുന്നത്. അദിവേഗ റോഡിനേക്കാള്‍ ജനങ്ങളാഗ്രഹിക്കുന്നത് ആവശ്യത്തിന് ട്രെയിനും ട്രാക്കുമുണ്ടാവുകയെന്നതാണ്. പക്ഷേ, കേന്ദ്രവും കേരളവും തമ്മിലുള്ള പഴിചാരല്‍ മല്‍സരമായി മലയാളിയുടെ റെയില്‍ വികസനം ഒടുങ്ങിത്തീരുകയാണ് പതിവ്. ഇതൊക്കെ മാറ്റിവെച്ചുകൊണ്ടാണ് ടോള്‍ റോഡുകളെ ഗതാഗത വികസനത്തിന്റെ ഏകമാര്‍ഗമായി മന്ത്രി അവതരിപ്പിക്കുന്നത്.
കേരളത്തിലെ ഹൈവേകള്‍ (എന്‍.എച്ച് 17 ഉം 47 ഉം) നാല്‌വരിപ്പാതയാക്കുന്നത് തികച്ചും കാലോചിതമായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെയാണിത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയും ജനങ്ങള്‍ ആവശ്യമായ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുള്ളത്. വലിയ പ്രതിഷേധങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ സഹകരണത്തോടെ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിച്ചിട്ടുണ്ടെന്നത് നാം മറക്കരുത്. പദ്ധതി ബി.ഒ.ടി വഴിക്കാവുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാന്വല്‍ പ്രകാരം തന്നെ 30 മീറ്റര്‍ വീതിയില്‍ പണിയാവുന്ന റോഡ് 45 മീറ്ററിലേക്ക് മാറുകയും ചെയ്തതാണ് ഇപ്പോഴുള്ള എതിര്‍പ്പിന്റെ മര്‍മ്മമെന്ന് മന്ത്രി മനസ്സിലാക്കണം. ശാസ്ത്രീയമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു തന്നെ 30 മീറ്ററില്‍ നാലുവരി പണിയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍വീസ് റോഡുകള്‍ കൂടി പണിയുന്നതിനാണ് 45 മീറ്ററെന്ന് മന്ത്രിതന്നെ പറയുന്നു. ദേശീയ പാതയിലേക്കുള്ള പ്രവേശനം ചിലയിടത്തു മാത്രമാക്കി ബൂത്തുകള്‍ സ്ഥാപിച്ച് ടോള്‍പിരിവ് നടത്തുമ്പോഴാണ് സര്‍വീസ് റോഡുകള്‍ അത്യാവശ്യമായി വരുന്നത്. ടോള്‍പ്ലാസകള്‍ എന്ന ചുങ്കമന്ദിരങ്ങളിലേക്ക് ഹൈവേ യാത്രക്കാരെ ആട്ടിത്തെളിക്കാനുള്ള ഈ സേവനപാതകള്‍ ബി.ഒ.ടിക്കാരന്റെ ആവശ്യമാണെന്നര്‍ഥം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ഇത്തരം ഗൂഢതന്ത്രങ്ങള്‍ക്കു വേണ്ടി അവരെന്തിന് കുടിയൊഴിയണം? കൂടാതെ കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ളതും ഭൂരിപക്ഷം യാത്രകളും ഹൈവേയെ ആശ്രയിച്ച് നടത്തുകയും ചെയ്യുന്ന പ്രദേശത്ത് ഹൈവേയിലേക്ക് ചെന്നുചേരുന്ന ഇടറോഡുകള്‍ അടച്ചുപൂട്ടുന്നത് വമ്പിച്ച പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. കുറ്റിപ്പുറം ഇടപ്പള്ളി റോഡില്‍ മാത്രം ഹൈവേയിലേക്ക് ചേരുന്ന 352 ഇടറോഡുകളുണ്ടെന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനം പറയുന്നത്. ഇവയില്‍ ബഹുഭൂരിഭാഗത്തിനും ഇനി ഹൈവേ അന്യമാവുകയാണ്. ഹൈവേ മുറിച്ചുകടക്കാനുള്ള ഇടങ്ങള്‍ തേടി ഇനി ജനങ്ങള്‍ കാതങ്ങള്‍ താണ്ടേണ്ടിവരികയെന്നതാണ് ഇതിന്റെ പരിണിതി.
സര്‍ക്കാര്‍ ഖജാനയില്‍ പണമില്ലെന്ന പതിവുപല്ലവിയാണ് റോഡുപണിയില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാര്‍ ന്യായം. പൗരന്റെ കയ്യില്‍നിന്ന് നികുതി പിടുങ്ങുന്ന സര്‍ക്കാറിന് അടിസ്ഥാനവികസനം പോലും നടപ്പാക്കാനുള്ള ബാധ്യത ഇല്ലെന്നാണോ? നഷ്ടത്തിലായ 'സത്യം' കമ്പ്യൂട്ടേഴ്‌സിനെ രക്ഷിക്കാന്‍ 20,000 കോടിരൂപ മുടക്കാനിറങ്ങിയ ദരിദ്രസര്‍ക്കാറാണ് പണമില്ലെന്നപേരില്‍ റോഡുകള്‍ ബി.ഒ.ടി മുതലാളിമാര്‍ക്ക് തീറെഴുതുന്നത്. 20 മുതല്‍ 30 വര്‍ഷം വരെ നാട്ടുകാരന്റെ കുത്തിനുപിടിക്കാന്‍ ബി.ഒ.ടിക്കാര്‍ക്ക് അധികാരമുണ്ടാവുമെന്നാണ് റോഡുരേഖ. ഇക്കൊല്ലം കഴിഞ്ഞാല്‍ റോഡ് നമുക്ക് സ്വന്തമല്ലേയെന്ന പൈങ്കിളിച്ചോദ്യം കൊണ്ട് ഈ കൊടും ചൂഷണത്തെ മറച്ചുപിടിക്കാനാവുമോ? ഇനി തിരിച്ചുകിട്ടിയാല്‍ എന്തുതരം റോഡായിരിക്കുമതെന്നു കാത്തിരുന്നു കാണണം.
റോഡു വീതികൂട്ടാന്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പുനരധിവാസത്തെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പൊന്നും വിലയെന്ന പേരില്‍ ഒരുതരം 'മുക്കുവില' നല്‍കുമെന്നല്ലാതെ പുനരധിവാസത്തെക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദേശവും പദ്ധതിയിലില്ല. എറണാകുളം പോലുള്ള ജില്ലകളില്‍ ഒരിക്കല്‍ കുടിയൊഴിഞ്ഞവര്‍ തന്നെയാണ് വീണ്ടും കുടിയൊഴിക്കപ്പെടുന്നതെന്നോര്‍ക്കണം. റോഡരികില്‍ തന്നെ വിശ്രമകേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളുമുണ്ടാകാനുള്ള യാത്രക്കാരുടെ മൗലികാവകാശത്തെക്കുറിച്ച് വേപഥുകൊള്ളുന്ന മന്ത്രി അതിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവന്റെ പുനരധിവാസത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല. അധികാരികളുടെ ഇത്തരം റിയല്‍ എസ്റ്റേറ്റ് മൗനങ്ങളാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി ജനങ്ങളെ ആട്ടിപ്പായിക്കുന്ന അക്വയര്‍മെന്റ് ഏജന്‍സികളായി തരംതാഴാതെ വികസനപ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജവമാണ് ജനകീയ സര്‍ക്കാറുകള്‍ക്കുണ്ടാവേണ്ടത്.
കേരളത്തില്‍ തിരക്കേറിയ റോഡുകള്‍ നഗരങ്ങളിലാണുള്ളത്. നഗരത്തിരക്ക് നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ബൈപ്പാസ് റോഡുകള്‍. കേരളാ റോഡ് നയത്തില്‍ ബൈപ്പാസുകളുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് പറയുന്നുവെന്നല്ലാതെ തുടങ്ങിവെച്ച പലതിന്റെയും പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഗതാഗതത്തിരക്കിന് കാരണമാവുന്ന നെടുനീളന്‍ കണ്ടെയ്‌നറുകളില്‍ പലതും വഹിക്കുന്നത് റോഡ് നിറക്കാനുള്ള കാറും ബൈക്കുമൊക്കെ തന്നെയാണ്. നാട്ടുകാരുടെ വാഹനഭ്രമത്തിന്റെ പരിണിതി റോഡ് വീതികൂട്ടി മാത്രം പരിഹരിക്കാനാവുമെന്നു വിശ്വസിക്കുന്നതും മൗഢ്യമാണ്. പൊതുഗതാഗതത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും വോള്‍സെയില്‍ ഡിപ്പോ ആണ് ഇന്ന് ് കേരളത്തിന്റെ പൊതുഗതാഗതം. നിര്‍ദിഷ്ട തീരദേശ ഹൈവേയും മലയോരപാതയും യാഥാര്‍ഥ്യമാക്കിയാല്‍ തന്നെ ദേശീയപാതയിലെ തിരക്ക് വലിയൊരളവോളം കുറക്കാനാവും. ഇത്തരം കാര്യങ്ങളൊന്നും വേണ്ടത്ര പരിഗണിക്കാതെയാണ് വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്നു മന്ത്രി പരിതപിക്കുന്നത്.
ഒരു കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തട്ടെ. എക്‌സ്പ്രസ് വേയോടുള്ളതുപോലെ എതിര്‍പ്പിന്റേതല്ല ദേശീയപാത വികസനത്തോടുള്ള നിലപാട്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അനാവശ്യ അക്വിസിഷനും ബി.ഒ.ടിയും ഒഴിവാക്കുകയും കുടിയൊഴിയുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്താല്‍ സാധ്യമാക്കാവുന്നതേയുള്ളൂ കേരളത്തിന്റെ നാലുവരിപ്പാത.
(ലേഖകന്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗമാണ്)
No comments:
Post a Comment